ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലെ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് : വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ ത​ട​യും: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കോതമംഗലം: ദേശീയപാത വികസനത്തിലെ ജനവിരുദ്ധ നിലപാടിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം ഫൊറോന സമിതി. വനം വകുപ്പ് ജനദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ വനംവകുപ്പുകാര്‍ കാട്ടില്‍കൂടി യാത്ര ചെയ്താല്‍ മതിയെന്ന നിലപാട് ജനത്തിന് സ്വീകരിക്കേണ്ടി വരുമെന്നും വനംവകുപ്പിന്റെ വാഹനങ്ങള്‍ റോഡില്‍ തടയാന്‍ നിര്‍ബന്ധിതരാകുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് വികസനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധിയും കാറ്റില്‍ പറത്തുന്ന സമീപനമാണ് വനംവകുപ്പ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടാകാറുള്ള റോഡിന് വീതി കൂട്ടേണ്ടതില്ലെന്നും ജനം ദുരിതം അനുഭവിക്കട്ടെയെന്നുമുള്ള നിലപാടാണ് വനം വകുപ്പിനുള്ളത്.

നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ വനമാണെന്നും നിലവിലുള്ള രീതിയില്‍ കൂടുതല്‍ ടാറിംഗ് നടത്താനോ കാന നിര്‍മിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നുമുള്ള നിലപാട് ജനവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. നേര്യമംഗലം മുതല്‍ വാളറ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലത്തിന് വനംവകുപ്പിന് യാതൊരു അവകാശവുമില്ലെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നിര്‍ത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഗവണ്‍മെന്റും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശം കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ ഉദ്ഘാടനം ചെയ്തു. ബിജു വെട്ടിക്കുഴ അധ്യക്ഷത വഹിച്ചു. സോണി മാത്യു പാന്പയ്ക്കല്‍, വി.യു. ചാക്കോ, ഷൈജു ഇഞ്ചക്കല്‍, ജിജി പുളിക്കല്‍, ബേബിച്ചന്‍ നിധീകരിക്കല്‍, ജോര്‍ജ് കുര്യാക്കോസ്, ജോസ് കുര്യന്‍ കൈതക്കല്‍, സൂസന്‍ റോയ് പീച്ചാട്ട്, റെജി ജോസഫ് പള്ളുപേട്ട, സജി അമക്കാട്ട്, ടീന മാത്യു കുരിശുമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!