ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വളര്‍ത്തു മൃഗങ്ങള്‍ ചത്തു

കൂത്താട്ടുകുളം : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വളര്‍ത്തു മൃഗങ്ങള്‍ ചത്തു. ഇലഞ്ഞിയിലെ ഫാമിലെ ഒരു പശുവും തിരുമാറാടിയിലെ കര്‍ഷകന്റെ മുയലും ആണ് ചത്തത്. ഇലഞ്ഞിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശുക്കളില്‍ ഒന്ന് ചത്തു. ഇലഞ്ഞി കുളത്തിങ്കല്‍ ദീപു സെബാസ്റ്റ്യന്റെ ഫാമിലെ പശുവാണ് ചത്തത്. 70 ഓളം പശുക്കള്‍ ഉള്ള ഫാമില്‍ കാലിത്തീറ്റ കഴിച്ച 40ഓളം പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചിരുന്നു. അതില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന പശുക്കളില്‍ ഒന്നാണ് ചത്തത്. ഇതേ തുടര്‍ന്ന് ജില്ല ചീഫ് വെറ്റിനറി ഓഫീസര്‍ പി.എം.രചനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഫാമില്‍ പരിശോധന നടത്തി പശുക്കളില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിച്ചു. പിന്നീട് ചത്ത പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പശുവിന്റെ ആന്തരാവയവങ്ങള്‍ പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു. കാക്കനാട് റീജിയണല്‍ ലബോറട്ടറി, ട്രിവാന്‍ഡ്രം സിയാഗ, പാലക്കാട് റീജിയണല്‍ ഡിസീസ് ലബോറട്ടറി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലെ രോഗബാധയും മരണകാരണവും വ്യക്തമാവുകയുള്ളൂ. ഡിസ്ട്രിക്ട് എപ്പിഡമിയോളജിസ്റ്റ് ഡോ. രചിത പിള്ള, ഡിസ്ട്രിക്ട് ലാബ് ഓഫീസര്‍ ഡോ. നിഷ സെബാസ്റ്റ്യന്‍, മുത്തലപുരം വെറ്ററിനറി സര്‍ജന്‍ ശ്രീജ സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടനടപടികള്‍ നടന്നത്. പശുക്കള്‍ക്ക് നല്‍കിയ കാലിത്തീറ്റയുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശനിയാഴ്ച മുതലാണ് മേഖലയില്‍ കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. സ്വകാര്യ കാലിത്തീറ്റ കമ്പനിയുടെ കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്കാണ് വ്യാപക രോഗബാധയെന്ന് കര്‍ഷകര്‍ പറയുന്നു. മെഡിക്കല്‍ സംഘത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇലഞ്ഞിയില്‍ 104 പശുക്കളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. തിരുമാറാടില്‍ 29 പശുക്കള്‍ക്കും കൂത്താട്ടുകുളത്ത് രണ്ട് പശുക്കളിലുമാണ് രോഗം ഉള്ളത്. വയറിളക്കവും പാലുല്‍പാദനത്തില്‍ ഗണ്യമായ കുറവുമാണ് പശുക്കളില്‍ കണ്ട പ്രധാന രോഗലക്ഷണങ്ങള്‍. വെള്ളിയാഴ്ച എത്തിയ കാലിത്തീറ്റ കഴിച്ച പശുക്കളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിനുപുറമേ കാലിത്തീറ്റ ഭക്ഷിച്ച മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ഭക്ഷ്യവിഷബാദ ഏറ്റിട്ടുണ്ട്. തിരുമാറാടിയിലെ കര്‍ഷകന്‍ പി.കെ മോഹനന്റെ മുയല്‍ വിഷബാധയെ തുടര്‍ന്ന് ചത്തു. കോഴി അടക്കമുള്ള മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും തളര്‍ച്ചയുള്ളതായി കര്‍ഷകന്‍ പറഞ്ഞു.

കാലിത്തീറ്റ കമ്പനി അധികൃതര്‍ നഷ്ടപരിഹാരം നല്‍കും.

സ്വകാര്യ കാലിത്തീറ്റ കമ്പനിയുടെ ഒരു ബാച്ചിലെ കാലിത്തീറ്റകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുള്ളതായി അധികൃതര്‍ കര്‍ഷകരോട് പറഞ്ഞു. ഇതുമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കമ്പനി നികത്തുമെന്നും കമ്പനി അധികൃതര്‍ കര്‍ഷകരെ അറിയിച്ചു. ഇതിനുപുറമേ കമ്പനിയുടെ മെഡിക്കല്‍ ടീം എത്തി പശുക്കള്‍ക്ക് വേണ്ട ചികിത്സാ സഹായവും നല്‍കി.

Back to top button
error: Content is protected !!