ആനിക്കാട് കിഴക്കേ ഉപകനാല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു.

മൂവാറ്റുപുഴ: ആനിക്കാട് കിഴക്കേ ഉപകനാല്‍ (നടുക്കര) ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ മാസം 12ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവന പഞ്ചായത്തിലൂടെ കടന്ന് പോകുന്ന എം.വി.ഐ.പി. യുടെ മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ഉപകനാലായ ആനിക്കാട് ഡിസ്ട്രിബ്യൂട്ടറിയുടെ 310 മീറ്റര്‍ ചെയിനേജില്‍ കാവിശ്ശേരിപ്പീടികയില്‍ നിന്നും ആരംഭിച്ച് ആവോലി പഞ്ചായത്തിലെ നടുക്കര തോടില്‍ അവാസാനിക്കുന്ന കനാലിന് 1.855- കിലോമീറ്റര്‍ നീളമുള്ള കനാലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 2004-ല്‍ കനാല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും കരാര്‍ നല്‍കുകയും ചെയ്തിരുന്നു. സ്ഥലമേറ്റെടുക്കാത്തതിനെ തുടര്‍ന്ന് പദ്ധതി പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2008-ല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുകയും ഐ.ഡി.ആര്‍.ബി. ഡിസൈന്‍ പ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും അനുമതിയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു. 2017-ല്‍ 3.65-കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്യുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പൊതുമരാമത്ത് റോഡ് കട്ടിംഗിനും മറ്റും അനുവാദം ലഭിക്കാനുള്ള കാലതാമസവും പ്രവര്‍ത്തി ചെയ്തുവന്നപ്പോള്‍ ഉണ്ടായ ചിലമാറ്റങ്ങള്‍ കാരണം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിവരികയും അനുമതി ലഭിക്കുന്നതിനുള്ള കാലതാമസങ്ങളും, മഹാപ്രളയങ്ങളും, കോവിഡ് 19 മഹാമാരിയുമെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ പദ്ധതി വൈകുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ആനിക്കാട് കിഴക്കേ ഉപകനാലിന് 782-മീറ്റര്‍ ഓപ്പണ്‍ കനാലും 576-മീറ്റര്‍ കരിങ്കല്ലില്‍ തീര്‍ത്ത് കോണ്‍ഗ്രീറ്റ് കനാലും, 215 – മീറ്റര്‍ ഭൂമിക്കടിയിലൂടെ തുരങ്ക കനാലും, 250 -മീറ്റര്‍ ഫില്ലറുകള്‍ സ്ഥാപിച്ച് നിര്‍മ്മിച്ച അക്കഡൈറ്റ് കനാലും, 10-കലുങ്കുകളും 1600-മീറ്റര്‍ ബണ്ട് റോഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആയവന പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ആവോലി പഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലൂടെയാണ് കടന്ന് പോകുന്നത്. തെങ്ങ്, കവുങ്ങ്, പൈനാപ്പിള്‍, പച്ചക്കറി, വാഴ, ജാതി, കിഴങ്ങ് വര്‍ഗങ്ങള്‍ അടക്കമുള്ള ഹെക്ടര്‍ കണക്കിന് കൃഷിയ്ക്ക് ജലസേജന സൗകര്യം ഒരുക്കുന്നതിനും നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും പദ്ധതി ഉപകാരപ്പെടും. വേനല്‍ കനക്കുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി ആവശ്യത്തിനും വെള്ളമെത്തിക്കുന്നതിന് ആനിക്കാട് കിഴക്കേ ഉപകനാല്‍(നടുക്കര) നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 12-ന് ജലസേജന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

Back to top button
error: Content is protected !!