ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി.സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.

 

മൂവാറ്റുപുഴ: ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി.കണ്ടയ്‌ന്മെന്റ് സോണിൽ നിന്നാണെന്ന് ആരോപിച്ചു പ്രവേശിപ്പിക്കാനാകില്ലെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകനായ പൃഥ്വിരാജാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. കുഞ്ഞിനെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലും കൊണ്ടുപോയെങ്കിലും ചികിത്സ നിഷേധിച്ചതായി കുടുംബം ആരോപിക്കുന്നു.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രീഷന്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.എന്നാല്‍ നിയന്ത്രിത മേഖലയില്‍ നിന്ന് വന്നത് കൊണ്ട് തിരികെ അയച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചോറും പഴവും നല്‍കാന്‍ പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് കുട്ടിയെ തിരിച്ചയച്ചത്. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

 

സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: Content is protected !!