ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ വീടുകളില്‍ നിന്ന് ഒ​ഴി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി പൊളിച്ച് നീക്കേണ്ട വീടുകളില്‍ പട്ടയമില്ലാത്തവരെ നഷ്ടപരിഹാരം നല്‍കാതെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. നേര്യമംഗലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി പൊളിച്ചുമാറ്റേണ്ട രണ്ട് വീടുകളിലിരിക്കുന്ന സ്ഥലത്തിനാണ് പട്ടയമില്ലാത്തത്. മൂന്ന് കടകളും സമാനാവസ്ഥയിലുള്ളതാണ്. നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഏറ്റെടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനമെന്നാണ് ആക്ഷേപം ഉയരുന്നത്. നേര്യമംഗലത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിനായി ഏതാനും വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടതുണ്ട്. ഇതില്‍ രണ്ട് കുടുംബങ്ങള്‍ക്കൊഴികെയുള്ളവര്‍ക്ക് മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കും.

പട്ടയമില്ലാത്തതിന്റെ പേരിലാണ് രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത്. താണിക്കുന്നേല്‍ ഷാന്റിമോളുടേയും പാണ്ടികാട്ട് ശ്യാമിന്റെയുമാണ് വീടുകള്‍. അറുപത് ദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും ദേശീയപാത അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഷാന്റിമോള്‍ കാഴ്ചവൈകല്യം അനുഭവിക്കുന്ന വീട്ടമ്മയാണ്. മകളാണ് ഒപ്പമുള്ളത്. ഇനി എവിടെ താമസിക്കും എന്നത് തനിക്ക് മുമ്പിലൊരു ചോദ്യചിഹ്നമാണെന്ന് ഷാന്റിമോള്‍ പറഞ്ഞു.പാണ്ടികാട്ട് ശ്യാമിന്റെ അവസ്ഥയും ദയനീയമാണ്.പക്ഷാഘാതത്തെതുടര്‍ന്ന് പാതി തളര്‍ന്ന ശരീരവുമായാണ് ജീവിതം. വീടിന് സമീപത്തുള്ള പെട്ടിക്കടയായിരുന്നു ജീവനോപാദി. പാലത്തിനായി കടയും വീടും വിട്ടുനല്‍കേണ്ടിവരുന്നതോടെ പെരുവഴിയിലാകുമെന്നതാണ് ശ്യാമിന്റെ ആശങ്ക. വര്‍ഷങ്ങളായി താമസിക്കുന്നിടത്തുനിന്ന് ഇറക്കിവിടുമ്പോള്‍ മറ്റുള്ളവര്‍ക്കെന്നപോലെ നഷ്ടപരിഹാരം വേണമെന്നാണ് ഷാന്റിമോളുടേയും ശ്യാമിന്റെയും ആവശ്യം. ഇതിനായി എംപിയും എംഎല്‍ എയും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെയുള്ളവര്‍ ഇടപെടേണ്ടതുണ്ട്.

Back to top button
error: Content is protected !!