ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ കൂര്‍ക്ക കൃഷി സജീവമാകുന്നു.

മൂവാറ്റുപുഴ : ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ കൂര്‍ക്ക കൃഷി സജീവമാകുന്നു. ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂര്‍ക്ക കൃഷി കപ്പ കൃഷിയുടെ കടന്ന് വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു. കാര്‍ഷീക മേഖലയായ മുളവൂരില്‍ നെല്‍കൃഷിയോടൊപ്പം തന്നെ കൂര്‍ക്ക കൃഷിയും വ്യാപകമായി കൃഷി ചെയ്തിരുന്നു. ടണ്‍ കണക്കിന് കൂര്‍ക്കയാണ് കര്‍ഷകരില്‍ നിന്നും മൊത്ത വ്യാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. ഇതോടെ മുളവൂര്‍ കൂര്‍ക്കയുടെ പേരും പെരുമയും വിവിധ ജില്ലകളിലേയ്ക്ക് വ്യാപിച്ചിരുന്നു. കൂര്‍ക്ക കൃഷി ചെയ്തിരുന്ന സ്ഥലത്ത് കൂര്‍ക്ക വിളവെടുപ്പിന് ശേഷം നെല്‍ കൃഷിയും ചെയ്യാമെന്നതാണ് കര്‍ഷകരെ കൂര്‍ക്ക കൃഷിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം. എന്നാല്‍ നെല്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിയതും കപ്പ കൃഷിയുടെ കടന്ന് കയറ്റവും കൂര്‍ക്ക കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്നോട്ട് പോകുകയായിരുന്നു. എല്‍ദോ ഏബ്രഹാം എംഎല്‍എ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ കാമ്പയിന്‍റെ ഭാഗമായി അന്യംനിന്ന് പോയ കാര്‍ഷീക വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മുളവൂര്‍ കൂര്‍ക്കയും പുനരുജ്ജീവിപ്പിക്കുന്നത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടാനി തോമസിന്‍റെ നേതൃത്വത്തില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കാര്‍ഷീക വിളയായ കൂര്‍ക്ക കൃഷിയും ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇക്കുറി പായിപ്ര കൃഷി ഭവന്‍റെ നേതൃത്വത്തില്‍ മുളവൂരില്‍ ഒരേക്കറോളം സ്ഥലത്ത് കൂര്‍ക്ക കൃഷി ചെയ്യാനായി. മുളവൂര്‍ മേയ്ക്കപ്പടിയ്ക്കല്‍ എം.ഐ. അബൂ, കുന്നുംപുറത്ത് കെ.എം. ഗോപി, പെരുമാലില്‍ നിസാര്‍ മൗലവി, കോയിക്കല്‍ മീതിയന്‍ അടയ്ക്കമുള്ളവരാണ് ഇക്കുറി പരീക്ഷണ അടിസ്ഥാനത്തില്‍ കൂര്‍ക്ക കൃഷി ചെയ്തത്. കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായ സഹകരണങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നല്‍കി. കൂര്‍ക്ക കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഇക്കുറി വിളവ് അല്‍പ്പം കുറവാണങ്കിലും ആവശ്യക്കാര്‍ ഏറെയാണന്ന് കര്‍ഷകര്‍ പറഞ്ഞു. കിഴങ്ങുവര്‍ഗത്തില്‍പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂര്‍ക്ക നന്നായി വളരും. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. കേരളത്തിന്‍റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ കിഴങ്ങു വര്‍ഗമാണ് കൂര്‍ക്ക. ചൈനീസ് പൊട്ടറ്റോ എന്നും അറിയപ്പെടുന്ന കൂര്‍ക്ക മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്സീകാരികള്‍ ഇതിലുണ്ട്. കേരളത്തിന്‍റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്നും വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ അവസരം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയയാണ്. കൂര്‍ക്കകള്‍ പാകി മുളപ്പിച്ചു അതിന്‍റെ തലപ്പുകള്‍ (വള്ളികള്‍) ആണ് നടുക. തലപ്പുകള്‍ തയ്യാറാക്കുക്ക എന്നതാണ് കൂര്‍ക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കില്‍ അത് പാകി വള്ളികള്‍ തയ്യാറാക്കുക. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടന്‍ കൂര്‍ക്ക ഇനങ്ങള്‍ ഉണ്ട്. ചെറിയ രീതിയില്‍ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ പ്ലാസ്റ്റിക് ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകല്‍ നടാം. നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക. അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന് പിണ്ണാക്ക് ചേര്‍ക്കാം. കൂര്‍ക്കയുടെ പ്രധാന ശത്രു നിമാ വിരയാണ്. വേപ്പിന്‍ പിണ്ണാക്ക് ചേര്ക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്‍റീ മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കി 30 സെന്‍റി മീറ്റര്‍ അകലത്തില്‍ നടാം. കിഴങ്ങുവര്‍ഗ്ഗത്തില്‍പ്പെട്ട ഭക്ഷ്യവിള മദ്ധ്യകേരളത്തില്‍ വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇതിന്‍റെ കൃഷി കൂടുതല്‍ വ്യാപകമായി കാണുന്നത്. ഒന്നാം വിള നെല്‍കൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരഭൂമികളിലും കൂര്‍ക്ക കൃഷി ചെയ്യുന്നത്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായതിനാലാണ് കൂര്‍ക്ക കൃഷിയോട് പ്രിയമേറുന്നത്.

ഫോട്ടോ ………………. മുളവൂരില്‍ കൂര്‍ക്ക വിളവെടുത്തപ്പോള്‍.

Back to top button
error: Content is protected !!