വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. നെല്ലിക്കുഴി ചിറപ്പടി പുത്തന്‍ പുരയ്ക്കല്‍ അബിന്‍ ടോമി (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് കേസിനാസ്പതമായ സംഭവം. പ്രതി അടുക്കള വാതില്‍ തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്. മോഷണ ശ്രമമറിഞ്ഞ് ശബ്ദമുണ്ടാക്കിയ വീട്ടമ്മയുടെ വായ പൊത്തി പിടിച്ച് മുറിയില്‍ ഉണ്ടായിരുന്ന 3200 രൂപ കവര്‍ച്ച നടത്തി പ്രതി രക്ഷപെടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ നെല്ലിക്കുഴിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. കുറുപ്പുംപടി കോതമംഗലം പോലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസും, പെരുമ്പാവൂര്‍ കോടനാട് പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളും, 2023ല്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും, കാറും കവര്‍ന്ന കേസും പ്രതിക്കെതിരെ നിലവിലുണ്ട്. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ റെജി മോന്‍ , എ എസ്‌ഐ പി.എ അബ്ദുല്‍ മനാഫ് സീനിയര്‍ സി പി ഒ മാരായ ടി.എ അഫ്‌സല്‍, എ.ടി ജിന്‍സ്, കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!