വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം: പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: രാത്രികാലങ്ങളില്‍ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തിയ ആള്‍ പിടിയില്‍. ഐരാപുരം പാറത്തട്ടയില്‍ മനു മോഹന്‍(23) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയില്‍ നിന്നും യൂസ്ഡ് ലോറി യാര്‍ഡുകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതോളം ബാറ്ററികള്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം ഉണ്ടായതിനെ തുടര്‍ന്ന് മോഷ്ടാക്കളെ
പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പ്രത്യേക
നിര്‍ദ്ദേശം നല്‍കിയിരുന്നു. രാത്രിയില്‍ സ്‌കൂട്ടറില്‍ എം.സി റോഡിലൂടെ
സഞ്ചരിച്ചു വന്ന് വിവിധ ഇടങ്ങളില്‍ മോഷണം നടത്തിവരികയായിരുന്നു
പ്രതി. മോഷണം നടത്തി വിറ്റ ബാറ്ററികള്‍ കോലഞ്ചേരിയിലെ ആക്രി വില്പന കേന്ദ്രത്തില്‍ നിന്ന് പോലീസ് കണ്ടെത്തി.ആര്‍ഭാടജീവിതം നയിക്കുന്നതിനാണ് പ്രതി മോഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേഷ്, എ.എസ്.ഐ പി.സി.ജയകുമാര്‍, എസ്.സി.പി.ഒ ബിബില്‍ മോഹന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. മോഷണ മുതല്‍ വാങ്ങുന്ന ആക്രിക്കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.