കൂത്താട്ടുകുളത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

കൂത്താട്ടുകുളം: എംസി റോഡില്‍ കാലിക്കട്ട് കവലയ്ക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്. പേരാമ്പ്ര പൈക്കാട്ടില്ലത്ത് കേശവന്‍ നന്പൂതിരി (74), ഭാര്യ ഗിരിജ (63), ബൈജു (45), രാജു (38), വയനാട് മാട്ടിലയം ശ്രീഭവനില്‍ ശ്രീദേവി (62), കോഴിക്കോട് തിരുമംഗലത്തില്ലത്ത് മനു ശങ്കര്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.15ഓടെയായിരുന്നു അപകടം. കോഴിക്കോടുനിന്നും ശബരിമല ദര്‍ശനത്തിനു പോയശേഷം തിരികെവരുംവഴി കാലിക്കട്ട് കവലയ്ക്ക് സമീപം വാഹനം നിയന്ത്രണംവിട്ട് മറയുകയായിരുന്നു. ഈ ഭാഗത്തെ റോഡിന്റെ ഉപരിതലം കൂടുതല്‍ മിനുസമുള്ളതായതും ഒപ്പം ചാറ്റല്‍ മഴയും അപകടകാരണമായി. അപകടത്തെതുടര്‍ന്ന് എംസി റോഡില്‍ ഭാഗികമായി ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൂത്താട്ടുകുളം പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി വാഹനം റോഡില്‍നിന്നു നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. എംസി റോഡ് അറ്റകുറ്റപ്പണിക്കു ശേഷം വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്നതായി ആക്ഷേപമുണ്ട്. നിലവില്‍ ഉണ്ടായിരുന്ന ബിഎംബിസി ടാറിംഗിനു മുകളില്‍ പുതിയതായി നടത്തിയ അറ്റകുറ്റപ്പണിക്കു ശേഷമാണ് റോഡ് കൂടുതല്‍ മിനുസമുള്ളതായത്. ഒരു മാസത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുന്പ് ഈ ഭാഗത്ത് സമാനമായ രീതിയില്‍ ലോറി മറഞ്ഞിരുന്നു.

Back to top button
error: Content is protected !!