ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ വിദ്യാർത്ഥിനി മരിച്ചു

മൂവാറ്റുപുഴ: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന മേഘ സുനിൽ മരിച്ചു.പിതാവും, രണ്ട് പെൺ മക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇളയ മകളാണ് മരിച്ചത്. മാവുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ എം.കെ. സുനിലിൻ്റെ മകൾ മേഘ (18) ആണ് മരിച്ചത്. ഞായറാഴ്ച്ച മക്കളോടൊപ്പം മൈലൂർ ഭാഗത്തുനിന്ന് മാവുടിയിലേയ്ക്ക് ബൈക്കിൽ വരുന്ന വഴി അടിവാട് തെക്കേക്കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനിലിനെയും മേഘയേയും രാജഗിരി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ മേഘ മരണപ്പെട്ടു. സുനിലിൻ്റെ നില ഗുരുതരമായി തുടരുന്നു. പോത്താനിക്കാട് ടൗണിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു സുനിൽ. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന മൂത്ത മകൾ സ്നേഹ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. പൈങ്ങോട്ടൂർ ശ്രീ നാരായണ കോളേജിലെ അവസാനവർഷ ബി.കോം ബിരുദ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട മേഘ. മാതാവ് : ഷൈജ. മേഘയുടെ സംസ്കാരം പോത്താനിക്കാട് തൃക്കേപ്പടിയിലുള്ള തറവാട്ട് വീട്ടിൽ ചൊവ്വാഴ ഉച്ചയ്ക്ക് ശേഷം നടക്കും.