മയക്ക്മരുന്ന് സ്പെഷ്യൽഡ്രൈവിൽ രജിസ്റ്റർ ചെയ്തത് ഇരുന്നൂറോളം കേസുകൾ

 

 

എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് ഒരാഴ്ചയായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ ഇരുന്നൂറോളം കേസുകൾ. രജിസ്റ്റർ ചെയ്തു. ഇരുന്നൂറ്റി നാല്‍പത്തിനാല് പേര്‍ അറസ്റ്റിലായി. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 66 കേസുകളും 81 അറസ്റ്റും, അബ്കാരി നിയമ പ്രകാരം 50 കേസുകളും 80 അറസ്റ്റും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് 83 കേസുകളിലായി 83 അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടന്നു. ഡ്രൈവിന്‍റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവിൽപ്പന, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിൽ മുൻ കാലങ്ങളിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സൈബർ സെല്ലിനും സൈബർ പോലീസ് സ്‌റ്റേഷനും നിർദ്ദേശവും നൽകിയിരുന്നു. പെരുമ്പാവൂരിൽ നിന്നുമാത്രം ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. മയക്കുമരുന്ന് കച്ചവടം നടത്തുന്നവർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുകയും അവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

Back to top button
error: Content is protected !!