ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

 

വാഴക്കുളം: ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ നടത്തും.ഉച്ചകഴിഞ്ഞ് 3 ന് പണ്ടപ്പിള്ളി മാർക്കറ്റ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തും. ആരക്കുഴ പഞ്ചായത്തു പ്രസിഡൻ്റ് ഓമന മോഹനൻ, ജില്ല പഞ്ചായത്തു പ്രസിഡൻറ് ഉല്ലാസ് തോമസ്,ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ് ജോസ് അഗസ്റ്റിൻ, പാമ്പാക്കുട ബ്ലോക്കു പഞ്ചായത്തു പ്രസിഡൻറ്  ആലീസ് ഷാജു, പാലക്കുഴ പഞ്ചായത്തു പ്രസിഡൻറ് കെ.എ.ജയ, മുൻ എംഎൽഎ എൽദോ എബ്രഹാം, ജി.ശ്രീകുമാർ, അലക്സ് കണ്ണമല, സാബു പൊതൂർ, ബിജു മുണ്ടപ്ലായ്ക്കൽ, സുനിത വിനോദ് തുടങ്ങിയവർ പ്രസംഗിക്കും.

2016 നവംബറിൽ നബാർഡ്, സംസ്ഥാന ഗവൺമെൻ്റ് എന്നിവ  13.5 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതിയുടെ ആദ്യ ഘട്ടമാണ് നടപ്പാക്കുന്നത്.

ആരക്കുഴ,പാലക്കുഴ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണിത്.തൊടുപുഴയാറിൽ നിന്നുള്ള ജലം ആരക്കുഴ മൂഴിയിൽ നിലവിലുള്ള കിണറിൽ ശേഖരിച്ച് പ്രതിദിനം 55 ലക്ഷം ലിറ്റർ ശേഷിയുള്ള  പണ്ടപ്പിള്ളി കൊന്നാനിക്കാട്ട് ജല ശുദ്ധീകരണ ശാലയിലെത്തിക്കുന്നു.

ഇവിടെ ശുദ്ധീകരിച്ച ജലം ആരക്കുഴ പഞ്ചായത്തിലെ കുമ്പളത്തുമല, ആച്ചക്കോട്ടുമല,കൊന്നാനിക്കാട് പ്രദേശങ്ങളിലെ സംഭരണികളിലെത്തിക്കുന്നു. കൊന്നാനിക്കാട്ട് സംഭരണിയിൽ നിന്ന് പാലക്കുഴ പഞ്ചായത്തിലും ജലമെത്തിക്കാനാണ് പദ്ധതി.ഇരു പഞ്ചായത്തുകളിലായി 4870 ഗ്രാമീണ കുടുംബങ്ങളിലേക്ക് കണക്ഷൻ എടുത്തിട്ടുണ്ട്.നിലവിൽ ഇവിടെ ബാക്കിയുള്ള 3243 കുടുംബങ്ങൾക്കും വെള്ളമെത്തിക്കാനും പദ്ധതിയുണ്ട്. അടുത്ത 30 വർഷത്തെ ജനസംഖ്യാ വർദ്ധനവു പരിഗണിച്ച് മുപ്പത്തയ്യായിരത്തോളം ആളുകൾക്ക് പ്രതിദിനം 100 ലിറ്റർ കുടിവെള്ളം എന്ന പരിഗണനയോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

Back to top button
error: Content is protected !!