സിപിഐ എം പ്രവര്‍ത്തകര്‍ തുണയായി: ബാങ്കില്‍ ഈട് നല്‍കിയ ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു

മൂവാറ്റുപുഴ: സിപിഐ എം പ്രവര്‍ത്തകര്‍ തുണയായി. സഹകരണ ബാങ്കില്‍ ഈട് നല്‍കിയ ആധാരം സണ്ണിയുടെ കുടുംബത്തിന് തിരികെ ലഭിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് വാഴക്കുളം തെക്കുംമല വളക്കോട്ടില്‍ വി കെ സണ്ണി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് പെണ്‍മക്കളുള്‍പ്പെട്ട കുടുംബം പ്രതിസന്ധിയിലായത്.കര്‍ഷക തൊഴിലാളിയായിരുന്ന സണ്ണി സ്വന്തം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ വാഴക്കുളം 2824 നമ്പര്‍ സഹകരണ ബാങ്കില്‍ നിന്ന് 2017ല്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ തുകയും പലിശയുമടക്കം മൂന്നുലക്ഷത്തോളം രൂപ കുടിശ്ശികയായി. ബാങ്ക് നോട്ടീസ് നല്‍കിയപ്പോഴാണ് ലോണിെൈന്റ വിവരം കുടുംബം അറിഞ്ഞത്. തുടര്‍ന്ന് പാര്‍ടി പ്രവര്‍ത്തകരെ നിസ്സഹായാവസ്ഥ അറിയിച്ചു. സിപിഐ എം മഞ്ഞള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലെ ബാധ്യത തീര്‍ക്കാന്‍ തീരുമാനിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ അനുഭാവികള്‍, നാട്ടുകാരില്‍ നിന്നുമാണ് തുക സമാഹരിച്ചത്. സഹകരണ ബാങ്കിലെ സണ്ണിയുടെ ബാധ്യതയായ 2,78,000 രൂപ കഴിഞ്ഞ ദിവസം ബാങ്കിലടച്ച് ആധാരം കുടുംബത്തിന് കൈമാറി. വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര്‍ മുരളീധരന്‍ ആധാരം സണ്ണിയുടെ ഭാര്യ മിനിയ്ക്ക് കൈമാറി. സിപിഐഎം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് , ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ്, സിപിഐഎം മഞ്ഞളളൂര്‍ ലോക്കല്‍ സെക്രട്ടറി എം കെ മധു, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ വി സുനില്‍, പി എസ് സുധാകരന്‍, പി ബി സാബു, വി കെ നവാസ്, ബ്രാഞ്ച് സെക്രട്ടറി എ കെ അശോകന്‍, സഹകരണ ബാങ്ക്പ്രസിഡന്റും പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയുമായ പി വി വിനോദ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!