മൂവാറ്റുപുഴ സ്വദേശിയായ യുവാവ് യു.എസിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവ് യു.എസിലെ തടാകത്തില്‍ വീണ് മരിച്ചു. മീങ്കുന്നം ഇളംമ്പാശേരിയില്‍ സിമില്‍ (38) ആണ് അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയിലെ ബിഗ് ഗ്രീന്‍ ലേക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടെ മുങ്ങിമരിച്ചത്. ഷിക്കാഗോയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സിമില്‍ ജോലി സംബന്ധമായ മീറ്റിങ്ങില്‍ പങ്കെടുക്കാനാണ് ഗ്രീന്‍ കൗണ്ടിയില്‍ എത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് 4.30 (യു.എസ് സമയം) സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ഗ്രീന്‍ ലേക്കില്‍ ബോട്ടിംഗിനായി ഇറങ്ങിയപ്പോള്‍ സിമില്‍ അപകടത്തില്‍പെടുകയായിരുന്നു. തെരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് 6ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഗ്രീന്‍ കൗണ്ടിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലായിരുന്ന ഭാര്യ ജാമി (വാഴക്കുളം വേങ്ങച്ചുവട് വാമറ്റത്തില്‍ കുടുംബാഗം) യും, മക്കളായ ഏദനും ഇവാനും അപകടവിവരമറിഞ്ഞ് യുഎസില്‍ എത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം തിങ്കളാഴ്ച (ഇന്ത്യന്‍ സമയം) നാട്ടിലെത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പിതാവ്: പരേതനായ സെബാസ്റ്റ്യന്‍. മാതാവ്: മോളി.

Back to top button
error: Content is protected !!