പായിപ്ര പഞ്ചായത്തില്‍ കറവപശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ 2023 – 24 സാമ്പത്തിക വര്‍ഷത്തെ കറവപശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം, ജനകീയാസൂത്രണ പദ്ധതിയുടെ വിതരണോദ്ഘാടനം തൃക്കളത്തൂര്‍ ജിഎല്‍പിബി സ്‌കൂളില്‍ നടത്തപ്പെട്ടു. അന്‍പത്തിഒന്‍പത് ലക്ഷത്തി എണ്‍പതിനായിരം രൂപ അടങ്കല്‍ തുക വെച്ചിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വ്വഹിച്ചു. പായിപ്ര പഞ്ചായത്തിലെ എപിസിഒഎസ് ക്ഷീരസഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ആറ് ക്ഷീരകര്‍ഷകരെ ആദരിച്ചു. തൃക്കളത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.അലീറ്റ എന്‍ ജോണ്‍സ് പദ്ധതി വിശദീകരണം നടത്തി. കന്നുകാലികളിലെ സാംക്രമിക രോഗങ്ങളെക്കുറിച്ചും ക്ഷീരമേഖല നേരിടുന്ന വെല്ലുവിളിക്കുറിച്ചും മൃഗസംരക്ഷണവകുപ്പ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഡോ.ലീനാ പോളിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി വിനയന്‍, ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് എബ്രഹാം തൃക്കളത്തൂര്‍, പായിപ്ര പഞ്ചായത്ത് മെമ്പര്‍മാരായ സക്കീര്‍ ഹുസൈന്‍, അസീസ് പി എം , സുരേന്ദ്രന്‍ എ ടി , വിജി പ്രഭാകരന്‍ മുഹമ്മദ് ഷാഫി , സുകന്യ അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.