രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഒഡീഷ കണ്ടമാല്‍ സ്വദേശി രാഹുല്‍ ഡിഗല്‍ (29)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ശനിയാഴ്ചയാണ് രാഹുല്‍ ഡിഗല്‍ നാട്ടിലെത്തിയത്. കാല്‍ക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കി അതിഥിത്തൊഴിലാളികള്‍ക്കിടയിലാണ് പ്രധാനമായി വില്‍പ്പന നടത്തുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മാസം മാറമ്പിള്ളിയില്‍ നിന്ന് 16 കിലോ കഞ്ചാവും , ജൂണില്‍ മുടിക്കലില്‍ നിന്നും അഞ്ചരക്കിലോ കഞ്ചാവും ,കഴിഞ്ഞ ദിവസം മാറമ്പിള്ളി പാലത്തിന് സമീപത്ത് നിന്ന് ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെയും , ഒരു മൂര്‍ഷിദാബാദ് സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ എ.എസ്. പി മോഹിത് റാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, എ.എസ് ഐ പി.എ അബ്ദുള്‍ മനാഫ്, സീനിയര്‍ സി പി ഒ മാരായ മനോജ് കുമാര്‍, കെ.എ അഫ്‌സല്‍, ബെന്നി ഐസക്ക്, എം.കെ നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!