താളം തെറ്റിയ മാലിന്യ ശേഖരണ യൂണിറ്റ് നാടിന് തലവേദനയാകുന്നു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി: മഴക്കാലം അടുക്കുന്നു.. കിഴക്കേ മീമ്പാറ ജംഗ്ഷനിൽ ഉയർന്ന് നിൽക്കുന്ന വനിത വ്യവസായ കേന്ദ്രം അഴുകന്നു. മീമ്പാറ വനിതാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മാലിന്യ നിർമ്മാർജന യൂണിറ്റ് ഒരു തലവേദനയായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ 14 വാർഡുകളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ഇവിടെ നൂറ് കണക്കിന് ചാക്കുകളിലായി കൂട്ടിയിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ചുറ്റുപാടുമായി മാലിന്യങ്ങൾ ചിതറി കിടക്കുകയാണ്. മഴ നനഞ്ഞതോടെ പലതും ചീഞ്ഞ അവസ്ഥയിലാണ്. തൊട്ടടുത്ത് മിൽമാ യൂണിറ്റ്, വൈ.എം.സി.എ, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയും, ശാസ്ത്രീയ വശങ്ങൾ പഠിക്കാതെയും കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മാലിന്യ സംസ്കരണ പ്ലാൻറ്റ് കൊണ്ട് വന്നതിനെ പരിസ്ഥിതി പൊതുപ്രവർത്തകർ എതിർത്തിരുന്നു. എന്നാൽ പുതിയ ഭരണസമിതി ഇതിനെ തിരിഞ്ഞ് നോക്കാത്ത അവസ്ഥയുമാണ്. ഉദ്ഘാടന മാമാങ്കം നടത്തി തുടക്കമിട്ട ഒരു ഭക്ഷ്യ യൂണിറ്റും ബോർഡിൽ മാത്രം ഒതുങ്ങി ഇവിടെയുണ്ട്. വാർഡുകൾ തോറും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്ക് വേതനവും ലഭിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്ന് കേൾക്കുന്നു. റോഡിനോട് ചേർന്ന് കിടക്കുന്ന ഈ കൂറ്റൻ പഞ്ചായത്ത് കെട്ടിടത്തിൽ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന അനേകം പദ്ധതികൾ കൊണ്ട് വരുന്നതിന് പകരം പഞ്ചായത്തിലെ മുഴുവൻ വെയ്സ്റ്റ് കൂട്ടിയിട്ടിരിക്കുന്നത് വൻ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സി.സി.റ്റി.വി ക്യാമറകളുണ്ട് സൂക്ഷിക്കുക എന്ന കെട്ടിടത്തിലുള്ള എഴുത്തിന് മുകളിൽ കടന്നൽ കൂടുകൾ സജ്ജമായി നിൽക്കുന്നുമുണ്ട്. മഴക്കാലമായതോടെ പകർച്ചവ്യാധികളുടെ ഉത്ഭവകേന്ദ്രമായി ഇത് മാറുമെന്ന ഭീതിയിലാണ് നാട്ടുകാർ. വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ മുന്നണി രൂപികരിച്ച് പ്രതിഷേധ സമര പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് നാട്ടുകാരനായ കെ.ജി. പുരുഷോത്തമൻ അറിയിച്ചു.

Back to top button
error: Content is protected !!