കുട്ടമ്പുഴയില്‍ ആനകൊമ്പുമായി ഒരാള്‍ അറസ്റ്റില്‍

കോതമംഗലം: കുട്ടമ്പുഴയില്‍ ആനകൊമ്പുമായി ഒരാള്‍ അറസ്റ്റില്‍. കൂട്ടുപ്രതികള്‍ നിരീക്ഷണത്തില്‍.മാമലകണ്ടം ഏണിപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യന്‍ (64) ആണ് അറസ്റ്റിലായത്. എണിപ്പാറയില്‍ വനത്തിന് ഉള്‍ഭാഗത്തുള്ള പ്രതിയുടെ വീട്ടില്‍ നിന്ന് മൂന്ന് ആനകൊമ്പുകള്‍ കുട്ടമ്പുഴ റേഞ്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. കട്ടിലിനടിയില്‍ ചേര്‍ത്ത് കെട്ടിയും, അടുക്കളയുടെ തറ കുഴിച്ചുമാണ് പ്രതി ആനകൊമ്പുകള്‍ സൂക്ഷിച്ചിരുന്നത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ നിരീക്ഷണത്തിലായിരുന്ന ജോസഫ് പത്ത് കിലോഗ്രാം തൂക്കവുമുള്ള ആനകൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ആനകൊമ്പുകള്‍ക്ക് പത്ത് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടമ്പുഴ ഭാഗത്തെ വനാന്തരത്തില്‍ വേട്ടയാടിയ ആനകളുടെ കൊമ്പാണെന്നാണ് കരുതുന്നത്. 2014ലെ തുണ്ടം-ഇടമലയാര്‍ ആനവേട്ട കാലത്ത്് വേട്ടയാടിയ ആനകളുടെ കൊമ്പാണോയെന്നും പരിശോധിക്കും. ആനകൊമ്പിന് പുറമേ നാടന്‍തോക്കിന്റെ കുഴലും കണ്ടെടുത്തു. കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: Content is protected !!