കേരളംരാഷ്ട്രീയം

ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാർട്ടി കാവൽ: മാസപ്പടിയിൽ കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവല്‍ നിക്കുന്ന പ്രസ്താനമായി സിപിഎം അധഃപതിച്ചു. ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയത്. അഴിമതിപ്പണമാണ് ഈ രീതിയില്‍ കൈമാറിയത്. അഴിമതിയില്‍ ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രിയോട് പറയാന്‍ പാര്‍ട്ടിക്ക് ഭയമാണ്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വാചകം പറയാന്‍ പോലും നേതാവില്ലെന്നും കുഴല്‍നാടന്‍ പരിഹസിച്ചു. മാസപ്പടി സഭയില്‍ ഉയര്‍ന്നതോടെ എതിര്‍പ്പുയര്‍ത്തി ഭരണപക്ഷവുമെത്തി. നിയമസഭയില്‍ അംഗമല്ലാത്ത ആള്‍ക്കെതിരെയാണ് ആരോപണമെന്ന് എം. ബി രാജേഷ് തിരിച്ചടിച്ചു. കോടതി വലിച്ച് കീറി കൊട്ടയിലിട്ട ആരോപണമാണ് വീണ്ടും ഉയര്‍ത്തുന്നത്. യുഡിഎഫിന് പുതുപ്പള്ളി ജയത്തിന്റെ ധാര്‍ഷ്ട്യമാണ്. മാധ്യമ തലക്കെട്ടിന് വേണ്ടി സഭയെ ദുരുപയോഗിക്കാന്‍ അനുവദിക്കരുത്. രേഖയില്‍ നിന്നും വീണാ വിജയനെതിരായ പരാമര്‍ശം നീക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

 

Back to top button
error: Content is protected !!