കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാര്‍ മറ്റൊന്നിന്റെ മുകളിലേക്ക് മറിഞ്ഞു

കൂത്താട്ടുകുളം: ജലവിതരണ പൈപ്പിന് മുകളിലൂടെ കയറിയ കാര്‍ നിയന്ത്രണംവിട്ട് തലകീഴായ് മറ്റൊരു വാഹനത്തിന്റെ മുകളിലേക്ക് മറിഞ്ഞു. കൂത്താട്ടുകുളം – ഇടയാര്‍ റോഡില്‍ വളപ്പ് എരുമക്കുളത്തിന് സമീപം റോഡ് അരികിലൂടെ കടന്നുപോകുന്ന ജല അഥോറിറ്റിയുടെ ജലവിതരണ പൈപ്പിന് മുകളിലൂടെ കയറിയ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പിറവം ഭാഗത്തുനിന്ന് എത്തിയ കാര്‍ പൈപ്പ് ലൈനിന്റെ മൂളിലൂടെ കയറി പൈപ്പ് ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് കാലുകളില്‍ ഇടിച്ച് നിയന്ത്രണം വിട്ട് തലകീഴായി സമീപത്തു കൂടി വരികയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല. കൂത്താട്ടുകുളം പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവിടെ മറ്റൊരു വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. റോഡിനോട് ചേര്‍ന്ന് ജലവിതരണ പൈപ്പിന് മുകളില്‍ കോണ്‍ക്രീറ്റ് കാലുകള്‍ ഉറപ്പിച്ചിരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡിന്റെ വശങ്ങള്‍ കാട് കയറിയതോടെ കോണ്‍ക്രീറ്റ് കാലുകള്‍ പുല്ലും മൂടിയ നിലയിലാണ്. ഇത് ശ്രദ്ധയില്‍പ്പെടാതെ വാഹനം സൈഡിലേക്ക് ഒതുക്കുന്‌പോഴാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്.

Back to top button
error: Content is protected !!