തൊടുപുഴയിലെ വാടക വീട്ടില്‍ നിന്ന് ഏഴര കിലോ കഞ്ചാവ് പിടിച്ചെടുത്തു

 

 

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം വാടക വീട്ടില്‍ നിന്ന് ഏഴര കിലോ കഞ്ചാവ് പിടിച്ചെടുത്തു. 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും ഇതോടൊപ്പം പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് അഞ്ചിരി കുട്ടപ്പന്‍ കവലയില്‍ തെക്കുംഭാഗം പറയാനാനിക്കല്‍ വീട്ടില്‍ അനൂപ് കേശവന്‍ (37) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനായ അനൂപ് ഒളിവിലാണ്. ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരന്‍ അനൂപാണെന്ന് മനസിലായത്. വ്യാഴാഴ്ച വൈകിട്ട് പോലീസെത്തുമ്പോഴേക്കും അനൂപ് വാടക വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു. വര്‍ക്ക് ഏരിയയില്‍ നിന്നാണ് കഞ്ചാവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. തൊടുപുഴ സി.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബൈജു പി.ബാബു, കൃഷ്ണന്‍ നായര്‍, എ.എസ്.ഐ.മാരായ ഷംസുദ്ദീന്‍, ഹരീഷ്, ഉണ്ണികൃഷ്ണന്‍, ഡബ്ല്യു.സി.പി.ഒ. നീതു, സി.പി.ഒമാരായ രാജേഷ്, ജിന്ന, ഡാന്‍സെഫ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!