2020ലെ വെള്ളപ്പൊക്കം തെളിയിച്ച ചില വസ്തുതകൾ – പാഠങ്ങൾ – തുടർ പ്രവർത്തനങ്ങൾ

മോഹൻദാസ് സൂര്യനാരായണൻ

2020ലെ വെള്ളപ്പൊക്കം തെളിയിച്ച ചില വസ്തുതകൾ – പാഠങ്ങൾ – തുടർ പ്രവർത്തനങ്ങൾ
*******************************
2020 ആഗസ്ത് 9ലെ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലേക്ക് തുറക്കുന്ന മലങ്കര ഡാമിലേയും പുഴയിലേയും ജലനിരപ്പ്‌ പ്രളയാശങ്കയുണ്ടാക്കും വിധം ഉയർന്നത് നാം കണ്ടു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനം കഴിഞ്ഞുള്ള വെള്ളവും കൂടി ഡാമിലേക്ക് വരാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്‌ഥയിലെത്തി. അന്ന് രാത്രി 9 മണിയുടെ റിപ്പോർട്ടിൽ 285.310 ഘനയടി ജലം ഒരു സെക്കന്റിൽ ഒഴുകിയെത്തുകയും 179.754 ഘനയടി ജലം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്ന സ്ഥിതിയിലായിരുന്നു. ആകെയുള്ള 6 ഷട്ടറുകളും 90 സെ.മീ. ഉയർത്തിയിട്ടും ജലനിരപ്പ്‌ 39.24 മീറ്റർ തന്നെ. ആ സമയം വൃഷ്ടിപ്രദേശത്ത് 87 മി.മീ. മഴ ലഭിച്ചു കഴിഞ്ഞിരുന്നു. ഉരുൾ പൊട്ടലിനുള്ള സാധ്യതയും സജീവം.

അടുത്ത ദിവസം പുലർച്ചെ 3 മണിക്ക് ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം നിർത്തി, അവിടെ നിന്നുള്ള വെള്ളത്തിന്റെ വരവ് നിലച്ചു. കാളിയാർ പുഴയിൽ നിന്നുള്ള വെള്ളത്തിന്റെ വരവും ഈ സമയം വലിയ ആശങ്ക ഉയർത്തി. ഈ സമയത്ത് ബന്ധപ്പെട്ടവരുടെ അവസരോചിതമായ ഇടപെടൽ ഷട്ടറുകൾ 60 സെ.മീ. ആയി താഴ്ത്തുവാൻ ഉപകരിച്ചു. ഉദ്യോഗസ്ഥരുടെ കലവറയില്ലാത്ത സഹകരണവും വിവരങ്ങൾ പങ്കുവക്കുന്നതിലെ സുതാര്യതയും ഈയവസരത്തിൽ പരാമർശിക്കേണ്ടതാണ്.

ഫലത്തിൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിഞ്ഞു. രാവിലെ ആറരയോടെ വെള്ളം കയറിയ ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നത് നിലച്ചു. വൈകുന്നേരം ആയപ്പോഴേക്കും കയറിയ വെള്ളം ഇറങ്ങി. അങ്ങനെ ഒരു വലിയ ദുരിതം ഒഴിവായി.

ഗുണപാഠം
**********
മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാം. 1996 ൽ മലങ്കര ഡാം കമ്മിഷൻ ചെയ്ത ശേഷം 2001, 2013, 2018, 2019 വർഷങ്ങളിൽ മുവാറ്റുപുഴയാറിൽ വെള്ളപ്പൊക്കം ഉണ്ടായി. എന്നാൽ ഡാം സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം തടയാനായത് ഈ വർഷം മാത്രമാണ്. മൺസൂൺ കാലയളവിൽ മലങ്കര ഡാമിലെ ജലനിരപ്പ്‌ 39.5 മീറ്ററായി നിജപ്പെടുത്തി രാജീവ് നായർ, ഡോ. രവീന്ദ്രനാഥ കമ്മത്ത്, അഡ്വ. ടോം ജോസ് എന്നിവരുടെ നേതൃത്വത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ നേടിയ ഉത്തരവ് ഈ നേട്ടത്തിലേക്കുള്ള പ്രധാന കാൽവെപ്പായിരുന്നു.

നമുക്ക് വേണ്ടത് ശാശ്വത പരിഹാരം
********************************
ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം നമ്മെയും ബാധിച്ചു കഴിഞ്ഞു. ഇനിയുള്ള വർഷങ്ങളിൽ അതിവർഷം ആകും ഉണ്ടാവുക എന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് ഒരു മാസത്തെ മഴ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ലഭിക്കുന്ന പ്രതിഭാസം. പെട്ടിമുടി ദുരന്തത്തിൽ നമ്മൾ ഇക്കുറി നേരിട്ട് അനുഭവിച്ചതാണിത്.

അതിവർഷം മൂലം ഒഴുകിയെത്തുന്ന അധികജലത്തെ ഉൾകൊള്ളുന്ന രീതിയിലല്ല നമ്മുടെ ഭൂവിനിയോഗം. കുന്നുകളും തണ്ണീർത്തടങ്ങളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു; പുഴകൾക്ക് മാലിന്യങ്ങൾ തള്ളുന്നതുൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ട് അധികജലം ഉൾക്കൊള്ളുവാനുള്ള ശേഷിയും കുറഞ്ഞിരിക്കുന്നു. അതനുസരിച്ച്‌ നമ്മുടെ വെള്ളപ്പൊക്ക നിയന്ത്രണ രീതികളിൽ മാറ്റങ്ങൾ വരണം.

കർമ്മപരിപാടികൾ
*****************
മൂവാറ്റുപുഴ താലൂക്ക് ഉപഭാക്തൃ സമിതി, ഇതര സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഇതിനായുള്ള കർമ്മ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞതായി രാജീവ് നായർ പറയുന്നു. എം.വി.ഐ.പി. റിട്ടയേഡ് സൂപ്രണ്ടിംഗ് എഞ്ചിനീയർ തീമതി. ജയാ പി. നായരെപ്പോലുള്ള വിദഗ്‌ധരുമായി ചർച്ചകൾ നടത്തി വരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ ഘട്ടത്തിൽ നിർദ്ദേശിക്കുന്നത്.

ഒന്നാമതായി, ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോൾ ഇടുക്കി ജല-വൈദ്യുത പദ്ധതിയിലെ ഉത്പാദനം നിയന്ത്രിച്ച് മലങ്കര ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറക്കാനുള്ള നടപടികൾ വൈദ്യുത വകുപ്പും കെ.എസ്.ഇ.ബി.യും സ്വീകരിക്കണം. ഇല്ലെങ്കിൽ വെള്ളപ്പൊക്ക ഭീഷണിയുടെ നാളുകളിൽ അധികജലം പുഴയിലേക്ക് ഒഴുക്കി കളഞ്ഞ് മലങ്കര ഡാമിലെ ജലനിരപ്പ്‌ ക്രമീകരിക്കാൻ നാം ബുദ്ധിമുട്ടും. 2020 ജനുവരിയിൽ വൈദ്യുത മന്ത്രിയുടെ അദാലത്തിൽ ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നെങ്കിലും അനുകൂലമായ തീരുമാനം ലഭിച്ചില്ല. (ശ്രദ്ധിക്കുക: പൂർണ്ണ തോതിൽ പ്രവർത്തിക്കുമ്പോൾ 4 മുതൽ 6 വരെ ദശലക്ഷം ഘനയടി വെള്ളമാണ് ഈ ഡാമിലെത്തുന്നത്. അവലംബം: EAP മലങ്കര ഡാം – KL07MH0049)

രണ്ടാമതായി, മലങ്കര ഡാമിലെ ജലനിരപ്പ് മൺസൂൺ മാസങ്ങളിൽ 36.9 മീറ്ററായി നിജപ്പെടുത്തണം. ഇതിനായി എം.വി.ഐ.പി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. സി.എസ്. സിനോഷുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പക്ഷേ, കുടിവെള്ളത്തിനായി മലങ്കര ഡാമിനെ ആശ്രയിക്കുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളും – കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം, കരിങ്കുന്നം – ജില്ലാ ജയിലും സഹകരിക്കേണ്ടതുണ്ട്. ജലമെടുക്കാനുള്ള കുഴലുകളുടെ നീളം വർദ്ധിപ്പിക്കുന്നതിലൂടെ ലളിതമായി പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.

കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ബാലൻ പറഞ്ഞതുപോലെ കേവലം 2.50 രൂപയിൽ താഴെ ഇപ്പോൾ ഇന്ത്യയിൽ വൈദ്യുതി ലഭ്യമാണ്. 2019 ആഗസ്റ്റിൽ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ഉൽപാദിപ്പിച്ച വൈദ്യുതിയിൽ നിന്നുള്ള വരുമാനവും വെള്ളപ്പൊക്കക്കെടുതികൾക്ക് മവാറ്റുപുഴ, വൈക്കം താലൂക്കുകളിൽ സർക്കാർ വിതരണം ചെയ്ത നഷ്ടപരിഹാരവും തമ്മിൽ താരതമ്യം ചെയ്താൽ ഈ നിർദേശങ്ങളുടെ പ്രസക്തി അധികാരികൾക്ക് മനസിലാക്കാവുന്നതേയുള്ളൂ.

ഹൈക്കോടതിയെ സമീപിക്കും
***************************
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോൾ ഇടുക്കി ജല-വൈദ്യുത പദ്ധതിയിലെ ഉത്പാദനം നിയന്ത്രിച്ച് മലങ്കര ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറക്കാനുള്ള ആവശ്യവുമായി മൂവാറ്റുപുഴ താലൂക്ക് ഉപഭോക്തൃ സമിതി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

(വസ്തുതകൾ മനസിലാക്കുന്നതിന് ഈ കുറിപ്പ് പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു)

Back to top button
error: Content is protected !!