വിടവാങ്ങിയത് മൂവാറ്റുപുഴയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യം.

മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയും മൂവാറ്റുപുഴ ഗാന്ധി നഗര്‍ കാനം ഹൗസില്‍(കൊച്ചുകളപുരയിടത്തില്‍) പി.വിജയകുമാര്‍ എന്ന കാനം വിജയന്റെ ആകസ്മീക നിര്യാണം വിശ്വസിക്കാനാകാതെ മൂവാറ്റുപുഴ നിവാസികള്‍. വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മദ്രാസിലേയ്ക്ക് പോയ വിജയന്‍ ചേട്ടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ റോഡിലുള്ള ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.  വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികളെ അവരോധിക്കുന്ന ചടങ്ങുകളില്‍ സാധാരണ കേട്ടുവരാറുള്ള വിശേഷണത്തിന്റെ ആള്‍രൂപമാണ് കാനം വിജയന്‍. ജന്മം കൊണ്ട് വിവിധ നാട്ടുകാരും കര്‍മ്മം കൊണ്ട് മൂവാറ്റുപുഴക്കാരനുമായ പലരും നമ്മുടെ നഗരത്തിന്റെ കര്‍മ്മഭൂമിയെ സമ്പന്നമാക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ പ്രമുഖനാണ് പ്രിയങ്കരനായ വിജയന്‍ ചേട്ടന്‍. ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം സി.പി.ഐ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴും വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യാ ഏരിയാ പ്രസിഡന്റ് പദവി വരെ എത്തി. മൂവാറ്റുപുഴ ടവേഴ്‌സ് എന്ന ചെറിയ കൂട്ടായ്മയില്‍ നിന്നും ഉന്നതിയിലെത്തിയ വൈഭവം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ലക്ഷ്യബോധം മാത്രമാണ്. സ്വയം സ്വപ്നം കാണുകയും കൂടെയുള്ളവരെ സ്വപ്നം കാണാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന മാന്ത്രിക സിദ്ധി ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ സമ്മതിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം നടത്തുന്നതിലും മികവ് തെളിയിച്ചിരുന്ന വിജയന്‍ ചേട്ടന്‍ മൂവാറ്റുപുഴ കേന്ദ്രമായിട്ടുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഘടനകളുടെ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനായ വിജയന്‍ ചേട്ടന് താങ്ങും തണലുമായി ഭാര്യ ഹേമയും ഒപ്പമുണ്ടാകും. ഐരാപുരം ശ്രീ ശങ്കരവിദ്യാപീഠം കോളേജിലെ റിട്ട.പ്രഫസറാണ് ഭാര്യ ഹേമ. ഏകമകള്‍ ദിയ ബാംഗ്ലൂരില്‍ സോഫ്റ്റ് വയര്‍ എഞ്ചിനീയറായി ജോലി നോക്കി വരുന്നു. വിജയന്‍ ചേട്ടന്റെ ആകസ്മീക നിര്യാണ വിവരമറിഞ്ഞ് ജിവിതത്തിന്റെ നാനതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചത്. നിരവധി സംഘടനാ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തി.

Leave a Reply

Back to top button
error: Content is protected !!