വാഹനാപകടത്തില്‍ മരിച്ച ഫാ. മാത്യു വെള്ളാങ്കലിന്‍റെ ആകസ്മിക വേര്‍പാട് രണ്ടാറിന് നൊമ്പരമായി.സംസ്കാരം ഇന്ന്…

Muvattupuzhanews.in

മൂവാറ്റുപുഴ : അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഫാ. മാത്യു വെള്ളാങ്കലിന്‍റെ ആകസ്മിക വേര്‍പാട് രണ്ടാറിന് നൊമ്പരമായി. 1958ല്‍ രണ്ടാറിലെ വെള്ളാങ്കല്‍ കുടുംബത്തില്‍ കുര്യാക്കോസ് (കുട്ടി) – ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ച ഫാ. മാത്യു സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സലേഷ്യന്‍ സഭയില്‍ പ്രവേശിച്ചു. തൃശൂരിലെ മണ്ണുത്തിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഫാ. മാത്യുവിന്‍റെ തുടര്‍ന്നുള്ള സെമിനാരി പരിശീലനം ആസാമിലും മേഘാലയിലുമായിരുന്നു. ഇക്കാലയവളില്‍ മാജിക്ക് എന്ന കലയിലൂടെ യുവജന പ്രക്ഷിതത്വം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്തി. നോര്‍ത്ത് ഇന്ത്യയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൂല്യബോധനഗ്രന്ഥങ്ങളും വൈദീക വിദ്യാര്‍ഥിയായിരിക്കെ ഫാ. മാത്യു രചിച്ചു. 1987 ജനുവരി അഞ്ചിന് അന്നത്തെ കോതമംഗലം രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു. വിശ്വാസ പരിശീലന രംഗത്തും സ്കൂള്‍ പ്രിന്‍സിപ്പലെന്ന നിലയിലും യുവജന സംഘടനയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഡയറക്ടര്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിരുന്നു. സലേഷ്യന്‍ സഭയുടെ വെക്കോഷണല്‍ ഡയറക്ടറായും ഫാ. മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവജന സംഘാടകന്‍ എന്ന നിലയില്‍ അനനിസാധാരണമായ പ്രവര്‍ത്തനം കാഴ്ചവച്ച ഫാ. മാത്യു വെള്ളാങ്കലിനെ വത്തിക്കാനില്‍ നിന്നും മിജാര്‍ക്കിന്‍റെ ആഗോള ചാപ്ലയിനായി ബല്‍ജിയത്തിലേയ്ക്കയച്ചു. ആഗോള കത്തോലിക്ക സഭയിലെ കര്‍ഷക യുവജനങ്ങള്‍ക്കു വേണ്ടി 1954ല്‍ സ്ഥാപിതമായ ഈ സംഘടനയെ 1997 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ നയിച്ച ഫാ. മാത്യു ഇക്കാലയളവില്‍ ലോകത്തിലെ നൂറിലധികം രാജ്യങ്ങളില്‍ യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഇതിനിടെ ലണ്ടനിലും ബ്രസല്‍സിലുമായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരുന്ന യുവജനശാക്തീകരണം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ ഫാ. മാത്യു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായി മിജാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 2001-ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം കത്തോലിക്ക യുവജന പ്രേക്ഷിതത്വം കൂടുതല്‍ കാര്യക്ഷമമായി അമേരിക്കയില്‍ നടപ്പാക്കാനുള്ള തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാ. വെള്ളാങ്കല്‍ അമേരിക്കയിലെ കാലിഫോര്‍ണിയായിലെത്തി. അവിടെ നടത്തിയ ഇടവക പ്രേക്ഷിതത്വത്തില്‍ കത്തോലിക്ക കൂട്ടായ്മകള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഫാ. മാത്യു ഓക്ലാന്‍റ് രൂപതയിലെ വൈദീകനായി ചേര്‍ന്നു. 2006 മുതല്‍ ഫ്രെമണ്ടില്‍ അയ്യായിരത്തിലധികം കുടുംബങ്ങളുള്ള ഹോളി സ്പിരിറ്റ് ഇടവകയെ നയിച്ച ഫാ. വെള്ളാങ്കല്‍ 2017 മുതല്‍ കോണ്‍കോര്‍ഡിലെ സെന്‍റ് ബൊണാവെഞ്ച്വര്‍ ഇടവകയെ നയിച്ചു വരികയായിരുന്നു. പര്‍വ്വതാരോഹകന്‍ എന്ന നിലയില്‍ മികവ് പ്രകടിപ്പിച്ച ഫാ. മാത്യു എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്രശസ്തമായ മലനിരകളിലേക്ക് യുവജനങ്ങളോടൊപ്പം ക്രൈസ്തവ തീര്‍ത്ഥാടനം നടത്തിയിട്ടുണ്ട്. ആഫ്രിക്കയിലെയും ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും സഭ പടുത്തുയര്‍ത്താന്‍ ആവശ്യമായ ഫണ്ട് ശേഖരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫാ. മാത്യുവിന്‍റെ മികവ് പ്രകടമായിരുന്നു. കഴിഞ്ഞ 11ന് കാലിഫോര്‍ണിയായില്‍ കോളൂസ കൗണ്ടിയില്‍ ഫാ. മാത്യു വെള്ളാങ്കല്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഷില്ലോംഗ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക്ക് ജാലയും മരണപ്പെട്ടു. ബിഷപ്പിന്‍റെ സംസ്കാരം ഷില്ലോംഗില്‍ നടന്നു.

Leave a Reply

Back to top button
error: Content is protected !!