പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം ശാശ്വതമല്ല: മന്ത്രി വി.എസ്.സുനിൽകുമാർ

പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം ശാശ്വതമല്ലെന്നാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ ഓർമിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യ ദിന പതാകയുയർത്തിയ ശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയെ ഒറ്റക്കെട്ടായി സഹായിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനങ്ങളുടെ സഹായത്തോടെ പ്രളയബാധിതരെ ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

സർക്കാർ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജനകീയമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിനുള്ള സമയമല്ലിത്. നാടിനെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും ഒരുമിച്ചെടുക്കണം. കഴിഞ്ഞ പ്രളയകാലത്ത് കേരളീയ ജനത ഉയർത്തിപ്പിടിച്ച മഹത്തായ ഐക്യ ബോധത്തോടുകൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.

ഈ പേമാരിയിൽ മാത്രം 103 ലധികം മനുഷ്യ ജീവനുകൾ കേരളത്തിൽ പൊലിഞ്ഞുവെന്നത് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷത്തിനിടയിലും ദുഃഖിപ്പിക്കുന്നു. 2016 മുതൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണമായി കേരളത്തെ മാറ്റിയിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന പാതയിലൂടെ കേരളത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള ജീവിതശൈലി സ്വീകരിച്ച് പരസ്പര ബഹുമാനത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്ന പൗരന്മാരാണ് ഭാരതത്തിന്റെ ശക്തി. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ പാഴ്സിയെന്നോ വ്യത്യസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഹൃദയവിശാലതയാണ് നമ്മുടെ സവിശേഷത. നിരവധി മഹാത്മാക്കളുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഫലമായാണ് വിലമതിക്കാനാവാത്ത ഈ സ്വാതന്ത്ര്യം നമ്മൾ അനുഭവിക്കുന്നത്. ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. മാനവികതയിലൂന്നിയ മഹത്തായ മൂല്യമാണ് നമ്മുടെ ദേശീയത. അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ദേശീയബോധം. പകരം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ബഹിർഗമിക്കേണ്ടതാണത്. സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും എല്ലാവരെയും ഒന്നായി കാണുന്നതിന്റെയും പൈതൃകമാണ് നമുക്കുള്ളത്. ഇവിടെ എല്ലാവർക്കും ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, എം.സ്വരാജ്, പി.ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ്.സുഹാസ്, ഐ.ജി. വിജയ് സാക്കറേ, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസി. കളക്ടർ എം.എസ്.മാധവിക്കുട്ടി, അഡീ.കമ്മീഷണർ കെ.ഫിലിപ്പ്, ഡി.സി.പിമാരായ കെ പൂങ്കുഴലി, രമേശ് കുമാർ, ഡപ്യൂട്ടി കമാണ്ടന്റ് ഐവാൻ, അസി.കമ്മീഷണർമാരായ കെ.ലാൽജി, കെ.ടി.തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തി.

വിവിധ സായുധ പ്ലാറ്റൂണുകളും ആയുധമില്ലാത്ത പ്ലാറ്റൂണുകളും ബാന്റ് ടീമും പരേഡിൽ അണിനിരന്നു. പോലീസ് സേനയിലെ കെ9 ഡോഗ് സ്ക്വാഡിന്റെ ശ്വാന പ്രദർശനവും നടന്നു.

മികച്ച സേവനത്തിന് ജില്ലാ കളക്ടറുടെ സിവിലിയൻ പുരസ്കാരം നേടിയ ജീവനക്കാർക്ക് മന്ത്രി ഉപഹാരം നൽകി.

തൃക്കാക്കര അസി. കമ്മീഷണർ ആർ. വിശ്വനാഥ് പരേഡ് കമാണ്ട റായിരുന്നു. സായുധ പ്ലാറ്റൂൺ വിഭാഗത്തിൽ കൊച്ചി സിറ്റി എ.ആർ ക്യാമ്പ് ഒന്നാം സ്ഥാനവും കൊച്ചി സിറ്റി എക്സൈസ് പ്ലാറ്റൂൺ രണ്ടാം സ്ഥാനവും കേരള ആംഡ് പോലീസ് ബറ്റാലിയൻ തൃപ്പൂണിത്തുറ മൂന്നാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ എറണാകുളം സീ കേഡറ്റ് കോർപ്സ് സീനിയർ ഡിവിഷൻ ഒന്നാം സ്ഥാനവും എൻ.സി.സി ആർമി വിംഗ് 21 കെ ബറ്റാലിയൻ രണ്ടാം സ്ഥാനവും നേടി. ആയുധ മില്ലാത്ത പ്ലാറ്റൂണുകളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.പി.സി പ്ലാറ്റൂൺ എം.ആർ.എസ് കീഴ്മാട് ഒന്നാം സ്ഥാനം നേടി. സീകേഡറ്റ് കോർപ്സ് ജൂനിയർ ഡിവിഷനാണ് രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.പി.സി ഗേൾസ് പ്ലാറ്റൂൺ തൃപ്പൂണിത്തുറക്കാണ് ഒന്നാം സ്ഥാനം. ഗൈഡ്സ് വിഭാഗത്തിൽ ഞാറള്ളൂർ ബെത്ലഹേം ദയറ ഹയർ സെക്കണ്ടറി സ്കൂളും എൻ.സി.സി വിഭാഗത്തിൽ 21 കേരള ബറ്റാലിയൻ സീനിയർ വിംഗും ഒന്നാം സ്ഥാനം നേടി.

Leave a Reply

Back to top button
error: Content is protected !!