നവീകരണത്തിനൊരുങ്ങി ചെങ്ങറ കോളനി 50 ലക്ഷം രൂപ അനുവദിച്ചു….

muvattupuzhanews.in

മൂവാറ്റുപുഴ:  ആവോലി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനിയുടെ നവീകരണത്തിന് അബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കോളനി നിവാസികള്‍ക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കോളനി നിവാസികള്‍ക്കായി പുതിയ കമ്മ്യൂണിറ്റി ഹാള്‍, ഹൈടെക് അങ്കണവാടി മന്ദിരം, സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ളവ ഒരുക്കുന്നതിനാണ് ഫണ്ട് വിനിയോഗിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് 22 സെന്റ് സ്ഥലവും, അങ്കണവാടിക്കായി എട്ട് സെന്റ് സ്ഥലവും ചെങ്ങറ കോളനിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് കമ്മ്യൂണിറ്റി ഹാളും, അങ്കണവാടിയും നിര്‍മിക്കുന്നത്.  27 ഏക്കര്‍ സ്ഥലമാണ് ഇട്ടിയക്കാട്ട് മിച്ച ഭൂമിയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്. ചെങ്ങറയില്‍ കുടിയൊഴിപ്പിച്ച 28 കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ചിത്രം- ഇട്ടിയക്കാട്ട് മിച്ച ഭൂമിയിലെ വീടുകള്‍……………….

ഇതിന് പുറമെ തദ്ദേശിയരായ കുടുംബങ്ങള്‍ക്കും സ്ഥലം നല്‍കിയതടക്കം 280 ഓളം കുടുംബങ്ങളാണ് കോളനിയില്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇതില്‍ പലരും ലൈഫ് ഭവനപദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചവരും, വീടുകളുടെ നിര്‍മ്മാണം നടക്കുന്നവരുമുണ്ട്. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് അബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കോളനിയില്‍ നടക്കുന്ന വിവാഹങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതോടെ കോളനി നിവാസികളുടെ സ്വപ്‌ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ചെങ്ങറയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പവരുടെ കുട്ടികളും, വിവിധ പഞ്ചായത്തുകളില്‍ നിന്നുമെല്ലാം ലൈഫ് ഭവനപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ചവരടക്കമുള്ളവരുടെ കുട്ടികള്‍ക്ക് അങ്കണവാടിയില്ലാത്തത് ഏറെ ദുരിതമായിരുന്നു. കോളനിയില്‍ ഹൈടെക് അങ്കണവാടി വരുന്നതോടെ ഈപ്രശ്‌നത്തിനും ശാശ്വത പരിഹാരമാവുകയാണ്. കോളനിയില്‍ ലൈറ്റുകളുടെ അഭാവവും വലിയ പ്രശ്‌നമായി നിലനില്‍ക്കുകയായിരുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും നടപ്പിലാക്കുന്നതോടെ വെളിച്ചമില്ല എന്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!