നവരാത്രിവ്രതാചരണത്തിനു ഭക്തിസാന്ദ്രമായ പരിസമാപ്തി.


മൂവാറ്റുപുഴ:തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ സെപ്തംബര് 29 മുതൽ നടന്നുവന്ന നവരാത്രി വ്രതാചരണത്തിന്  വിദ്യാരംഭദിനത്തിൽ ആചാര്യസാന്നിധ്യത്തിൽ വിദ്യാർഥികൾ നടത്തിയ വിദ്യാരംഭത്തോടെ പരിസമാപ്തിയായി. ആദ്യാക്ഷരം കുറിക്കുവാനും വിദ്യാരംഭദിനത്തിൽ ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ  കുട്ടികളെത്തി. ക്ഷേത്രം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ശ്രീ മനോജ് കുമാർ എഴുത്തിനിരുത്തിനു ആചാര്യനായി.


നൂറോളം കുട്ടികളാണ് കഴിഞ്ഞ പത്ത്‌ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിലെത്തി സരസ്വതീവന്ദനത്തിലും ബ്രഹ്മീഘൃതസേവയിലും പങ്കെടുത്തുകൊണ്ടിരുന്നത്. സനാതന ജീവന വിദ്യാലയം ഡയറക്ടർ ശ്രീ നാരായണ ശർമ്മ നവരാത്രിവ്രതാചരണത്തിനു ആചാര്യത്വം വഹിച്ചു. നവരാത്രി വ്രതമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ മഹാനവമി ദിവസം നടത്തിയ സരസ്വതീപൂജ ഭഗവതാചാര്യനും തിരുവനന്തപുരം സംസ്കൃതകോളേജ് പ്രിൻസിപ്പാളുമായ ഡോ . ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ആചാര്യത്വത്തിൽ നടന്നു. മഹാനവമി ദിവസം  തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയവും വിശ്വസംസ്കൃതപ്രതിഷ്ഠാനവും സംയുക്തമായി നടത്തിയ ഭാരതീപൂജയിൽ ഡോ . ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിഭാരതീപൂജാസന്ദേശം നൽകി. സംസ്‌കൃതം സരളവും സാദ്ധ്യവും അനിവാര്യവുമാണെന്നും നമ്മെ തിരിച്ചറിയാനുള്ള അടയാളമാവണം സംസ്കൃതമെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംസ്കൃതപ്രതിഷ്ഠാനം ജില്ലാ സംയോജകൻ മോഹനചന്ദ്രൻ , മൂവാറ്റുപുഴ താലൂക്ക് അദ്ധ്യക്ഷ സതി എ നായർ, സനാതന ജീവന വിദ്യാലയ ഡയറക്ടർ നാരായണ ശർമ്മ എന്നിവർ പങ്കെടുത്തു. സംസ്കൃതസേവാനിധി സമർപ്പണത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും സംസ്കൃതപ്രേമികളും ഭാരതീപൂജയിൽ പങ്കെടുത്തു.
വായനാശീലം വളർത്തുവാൻ വിദ്യാരംഭദിനത്തിൽ  “പുസ്‌തകപ്പൊതി” എന്ന പദ്ധതിയും  മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതനജീവന വിദ്യാലയം ആരംഭിച്ചു.
കവിയും ബാലസാഹിത്യകാരനുമായ  ശ്രീ പി ഐ ശങ്കരനാരായണൻ സാർ രചിച്ച 8 പുസ്തകങ്ങളാണ്  പുസ്തകപ്പൊതിയിൽ ഉള്ളത്.  കൂടുതൽ ആളുകളിലേക്ക് ഈ നല്ല പുസ്തകങ്ങൾ എത്തിക്കുവാനാണ് സനാതന ജീവന വിദ്യാലയം  വിദ്യാരംഭദിനം മുതൽ ഈ പദ്ധതി നടപ്പാക്കുന്നത്.  പുസ്തകപ്പൊതിയുടെ വിതരണോത്ഘാടനം വിദ്യാരംഭദിനത്തിൽ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിൽ വച്ച് സനാതന ജീവന വിദ്യാലയ വിദ്യാർത്ഥികൾക്ക് നല്കി ഡയറക്ടർ നാരായണ ശർമ്മ നിർവ്വഹിച്ചു.

Leave a Reply

Back to top button
error: Content is protected !!