ക്യാൻസർ വിമുക്ത എറണാകുളം പദ്ധതി ഉദ്ഘാടനം ചെയ്തു

കാക്കനാട്:  ജില്ലാതല ക്യാൻസർ നിയന്ത്രണ പരിപാടി, കാൻസർ വിമുക്ത എറണാകുളം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു. താഴെതട്ടിലുള്ള തുടർച്ചയായ ബോധവത്കരണവും ശാസ്ത്രീയമായ കാൻസർ പ്രതിരോധ സംവിധാനവും ഉറപ്പുവരുത്തുന്ന പദ്ധതി  രാജ്യത്തിന് തന്നെ  മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. 
കാൻസർ കെയർ ഗ്രിഡ് രൂപീകരണത്തിനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിവർഷം സംസ്ഥാനത്ത് പുതുതായി 55000 പേർക്ക് കാൻസർ വരുന്നത് ഗൗരവമേറിയ വിഷയമാണ്. രോഗപ്രതിരോധത്തിന് ശക്തമായ സംവിധാനങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി പദ്ധതി ആവിഷ്കരിച്ച എറണാകുളം ജില്ലയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള ശുചിത്വ സമിതികളുടെ പ്രവർത്തനം പ്രധാനപ്പെട്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
രണ്ടാം തലമുറ ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാൻസർ രോഗത്തെ ഒരുമിച്ച് നേരിടുക എന്ന  ജില്ലാ ആസൂത്രണ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കൈകോർത്ത് ക്യാൻസർ വിമുക്ത എറണാകുളം പദ്ധതി നടപ്പിലാക്കുന്നത്. 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾ ഒരു ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തുകൾ 2 ലക്ഷം രൂപ, നഗരസഭകൾ മൂന്ന് ലക്ഷം രൂപ, കോർപ്പറേഷനും  ജില്ലാ പഞ്ചായത്തും 10 ലക്ഷം രൂപ വീതവുമാണ് പദ്ധതിയിലേക്ക് വകയിരുത്തിയിട്ടുള്ളത്. ആകെ അടങ്കൽ തുക 169 ലക്ഷം രൂപയാണ്. 
ഓരോ തദ്ദേശഭരണ സ്ഥാപനവും അതാത് തലങ്ങളിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസിന്റെ വിദഗ്ദ്ധ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെയും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെയും നേതൃത്വത്തിൽ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് പ്രോജക്ട് നടപ്പാക്കുന്നത്. കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് പദ്ധതി നിർവ്വഹണത്തെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ജനസംഖ്യ അടിസ്ഥാനത്തിൽ ക്യാൻസർ രജിസ്റ്റർ തയ്യാറാകും. ബോധവത്കരണം, നേരത്തെയുള്ള ക്യാൻസർ നിർണ്ണയം, ചിട്ടയായ ചികിത്സ സംവിധാനം ഉറപ്പാക്കൽ, തുടർ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പി.ടി. തോമസ് എം.എൽ.എ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ തന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ കൊച്ചി ക്യാൻസർ റിസർച്ച് സെന്റെറിന് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാൻസി ജോർജ്, സി.കെ അയ്യപ്പൻ കുട്ടി, ഷൈല പി.എസ്, കെ. വൈ. ടോമി, ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, അഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!