കാലവര്‍ഷത്തില്‍ തകര്‍ന്ന നിരപ്പ് പുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ തകര്‍ന്ന  നിരപ്പ് റേഷന്‍കടപടി-പുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തില്‍ നിന്നും 30-ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡ് നവീകരണത്തിനും സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനും കളമൊരുങ്ങിയത്.  പായിപ്ര ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്നതും പായിപ്ര പഞ്ചായത്തിലെ നിരപ്പ് റേഷന്‍കട പടിയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നഗരസഭയിലെ പുളിഞ്ചോടില്‍ അവസാനിക്കുന്നതുമായ റോഡിലെ നിരപ്പ് റേഷന്‍ കടപ്പടിയിലാണ് കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി റോഡ് സഹിതം തകര്‍ന്നത്. ഇതോടെ റോഡിലൂടെയുള്ള ഭാരവണ്ടികളുടെ യാത്ര നിരോധിച്ചിരിക്കുകയായിരുന്നു. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ എം.സി.റോഡിലെ പുളിഞ്ചോട് കവലയില്‍ എത്തിച്ചേരാവുന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതോടെ ഇതിലൂടെയുള്ള  ഭാരവണ്ടികള്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചിരിക്കുകയായിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതോടെ കിലോമീറ്ററുകള്‍ ചുറ്റികറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും റോഡ് നവീകരണത്തിനും സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനും 30-ലക്ഷം രൂപ അനുവദിച്ചതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ.സിദ്ധീഖ്, ആന്റണി ജോസഫ്, മുന്‍പഞ്ചായത്ത് മെമ്പര്‍ എം.വി.സുഭാഷ്, നേതാക്കളായ രാജു കാരമറ്റം, എം.വി.രാജേഷ്, സജി പോള്‍, കൃഷ്ണകുമാര്‍, അബ്രാഹം തോട്ടത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്ത് കാരുടെ ചിരകാല സ്വപ്‌നമാണ് പൂവണിയുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ പറഞ്ഞു.

ചിത്രം-കാലവര്‍ഷത്തില്‍ തകര്‍ന്ന നിരപ്പ്- പുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായപ്പോള്‍……

Leave a Reply

Back to top button
error: Content is protected !!